Monday, July 10, 2006

മലയാളത്തില്‍ ബ്ലോഗുണ്ടാക്കാനുള്ള വഴികള്‍.

Please read the following if you cannot read Malayalam blogs in your computer

In order to read Malayalam blogs properly in your computer, first install the font Anjali Old Lipi from here. Install this font in the Fonts Folder , which is in the control panel of your computer (Start-Control Panel-Fonts). You can copy paste the font from the desktop to the Fonts Folder if you have saved the font in the desktop of your computer from the above link.

Then, if you are using Internet Explorer (detailed description for Firefox users follows), go to Tools-Internet Options-Fonts and select Malayalam in the Language Script portion. Then click on Anjali Old Lipi. Click OK to come out of the font section and once again click OK to come out of the Internet Options section. Now you have configured your browser to read Malayalam fonts properly in your computer.

ഇനി താഴെ പറയുന്ന കാര്യങ്ങള്‍ വായിച്ചു തുടങ്ങാം.

താഴെ പറയാന്‍ പോകുന്ന കാര്യങ്ങള്‍ ഇംഗ്ലീഷില്‍ ഇവിടെ വിവരിച്ചിട്ടുണ്ട്. അതില്‍ പറഞ്ഞിരിക്കുന്നതുപോലെ ചെയ്തും മലയാളത്തില്‍ ബ്ലോഗ് തുടങ്ങാം.)

ശ്രദ്ധിക്കുക : സഹയാത്രികന്‍ എന്ന ബ്ലോഗര്‍ സ്ക്രീന്‍ ഷോട്ടുകളുടെ സഹായത്തോടെ ഒരു ബ്ലോഗ് എങ്ങിനെ തുടങ്ങാമെന്ന് ലളിതമായി വിവരിച്ചിട്ടുണ്ട്. ആ ബ്ലോഗ് പോസ്റ്റ് ഇവിടെ.


തുടക്കം

ധാരാളം മലയാളം ബ്ലോഗുകള്‍ ഇന്റര്‍നെറ്റില്‍ കണ്ടപ്പോള്‍ നിങ്ങള്‍ക്കും ഉണ്ടാകില്ലേ മലയാളത്തില്‍ ഒരു ബ്ലോഗ് തുടങ്ങണമെന്ന ആഗ്രഹം? അതിനുള്ള ചില മാര്‍ഗ്ഗങ്ങളാണ് ഇവിടെ വിവരിച്ചിരിക്കുന്നത്. ഇത് ഒരിക്കലും ഒരു ശാസ്ത്രീയമായ രീതി ആയിരിക്കില്ല. ഞാന്‍ മലയാളത്തില്‍ ബ്ലോഗ് എങ്ങിനെ തുടങ്ങിയോ അതേ രീതിതന്നെയാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. ചിലപ്പോള്‍ ഉപയോഗിച്ചിരിക്കുന്ന പദാവലികള്‍ തന്നെ തെറ്റായിരിക്കാം. വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നതിനനുസരിച്ച് മാറ്റങ്ങള്‍ വരുത്താം.

പടിപടിയായി നമുക്ക് മുന്നേറാം

മലയാളത്തില്‍ ബ്ലോഗുണ്ടാക്കാന്‍ നാലുകാര്യങ്ങളാണ് പ്രധാനമായും നമുക്ക് വേണ്ടത്:

a) ഒരു ബ്ലോഗ് അഡ്രസ്സ്.
b) പറ്റിയ ഒരു ഫോണ്ട്. ഉദാഹരണം, അഞ്ജലി ഓള്‍ഡ് ലിപി എന്ന ഫോണ്ട്.
c) കമ്പ്യൂട്ടര്‍ കീബോഡില്‍ ടൈപ്പ് ചെയ്യുമ്പോള്‍ മലയാളത്തില്‍ തെളിഞ്ഞുവരാന്‍ സഹായിക്കുന്ന സോഫ്റ്റ് വെയര്‍. ഉദാഹരണത്തിന് വരമൊഴി, മൊഴി മുതലായവ.
d) നമ്മള്‍ മലയാളത്തില്‍ ഒരു ബ്ലോഗ് തുടങ്ങിയാല്‍ ബാക്കി മലയാളികള്‍ ആ കാര്യം അറിയാനുള്ള മാര്‍ഗ്ഗം.
e) ഓണ്‍ലൈനായി എങ്ങനെ മലയാളത്തില്‍ ബ്ലോഗാം (അതായത് മുകളില്‍ പറഞ്ഞ ഫോണ്ടും സോഫ്റ്റ് വെയറും ഇല്ലാത്ത ഒരു കമ്പ്യൂട്ടറില്‍ ആണെങ്കില്‍)

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ വിശദീകരിക്കാം.

1. സ്വന്തമായ ഒരു ബ്ലോഗ് അഡ്രസ്സ്

ആദ്യമായി നിങ്ങള്‍ക്ക് വേണ്ടത് ഒരു ബ്ലോഗ് അഡ്രസ്സാണ്. ഏറ്റവും പ്രചാരത്തിലുള്ള ബ്ലോഗ് മാധ്യമം ഗൂഗിളിന്റെ Blogger ആണ്. വേറേയും ബ്ലോഗ്ഗിംഗ് മാധ്യമങ്ങള്‍ ഉണ്ട്, വേഡ് പ്രസ്സ് മുതലായവ. ഗൂഗിളിന്റെ ബ്ലോഗറില്‍ ബ്ലോഗ്ഗിംഗ് തുടങ്ങാ‍നായി ഇവിടെ പോവുക. അവിടെ വലതുവശത്ത് താഴെ കാണുന്ന ആരോയില്‍ (create your blog now എന്നെഴുതിയിരിക്കുന്നിടം) ഞെക്കി തുറക്കുന്ന പേജില്‍ വേണ്ട വിവരങ്ങള്‍ നല്‍കുക. അതിനുശേഷം അവിടെനിന്നും അടുത്ത പേജില്‍ പോവുക. അവിടെ ബ്ലോഗിന്റെ തലക്കെട്ടും വേണ്ട ബ്ലോഗ് അഡ്രസ്സും കൊടുക്കണം. ബ്ലോഗിന്റെ തലക്കെട്ട് മലയാളത്തില്‍ കൊടുക്കാം. പക്ഷേ അതിന് മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ആവശ്യമായ സംഗതികള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ വേണം. അതില്ലെങ്കില്‍ തല്‍ക്കാലം ഇംഗ്ലീഷ് തലക്കെട്ട് കൊടുക്കുക. പിന്നീട് മാറ്റാം. ബ്ലോഗിന്റെ അഡ്രസ്സ് (അതായത് യു. ആര്‍.എല്‍) ഇംഗ്ലീഷില്‍ തന്നെ കൊടുക്കണം. ഇത് രണ്ടും കൊടുത്ത് പറഞ്ഞിരിക്കുന്ന വേഡ് വെരിഫിക്കേഷനും ടൈപ്പ് ചെയ്താല്‍ നിങ്ങള്‍ മൂന്നാം പേജിലേക്ക് പോകും.

അവിടെ നിങ്ങളോട് ഇഷ്ടമുള്ള ഒരു ടെമ്പ്ലേറ്റ് തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെടും. അത് തിരഞ്ഞെടുത്തതിനുശേഷം അടുത്ത പേജില്‍ പോയി start posting എന്ന ആരോയില്‍ ഞെക്കിയാല്‍ നിങ്ങള്‍ ബ്ലോഗ് മലയാളത്തില്‍ ടൈപ്പ് ചെയ്യേണ്ട പേജില്‍ എത്തും. ആ പേജില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ ടൈപ്പ് ചെയ്യാം. അതിനെ പോസ്റ്റ് എന്നു പറയുന്നു. ആ പോസ്റ്റിന് വേണ്ട തലക്കെട്ടും കൊടുത്ത് നിങ്ങള്‍ ടൈപ്പ് ചെയ്ത ഇടത്തിന് കാണുന്ന പബ്ലിഷ് പോസ്റ്റ് എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്‌താല്‍ നിങ്ങളുടെ ബ്ലോഗ് പബ്ലിഷ്ഡ് ആയി.

ഇത്രയും മനസ്സിലായി എന്ന് വിചാരിക്കുന്നു. പക്ഷേ പ്രശ്നം എങ്ങിനെ മലയാളത്തില്‍ ടൈപ്പ് ചെയ്യും എന്നതാണല്ലോ.

2. എങ്ങിനെ മലയാളം അക്ഷരങ്ങള്‍ കമ്പ്യൂട്ടറില്‍ വരുത്താം?-അഞ്ജലി ഓള്‍ഡ് ലിപി എന്ന ഫോണ്ടും അത് ഉപയോഗിച്ച് ടൈപ്പ് ചെയ്യാനുള്ള സോഫ്റ്റ്‌വെയറും

2a അഞ്ജലി ഓള്‍ഡ് ലിപി ഫോണ്ട്

മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും അത് മലയാളത്തില്‍ നേരാംവണ്ണം വായിക്കുകയും ചെയ്യണമെങ്കില്‍ നമുക്ക് അതിനുപറ്റിയ ഒരു ഫോണ്ട് വേണം. അതിനാണ് അഞ്ജലി ഓള്‍ഡ് ലിപി എന്ന ഫോണ്ട്. ഇവിടെ പോയി അഞ്ജലി ഓള്‍ഡ് ലിപി ഡൌണ്‍ലോഡ് ചെയ്യുക (മുകളില്‍ ഇംഗ്ലീഷില്‍ എഴുതിയ പ്രകാരം ചെയ്തവര്‍ ഇത് ചെ‌യ്തുകഴിഞ്ഞു-അങ്ങിനെയുള്ളവര്‍ “ഇനി ടൈപ്പ് ചെയ്യണം” എന്ന ഭാഗം തൊട്ട് വായിച്ചാല്‍ മതി). ഇതിനെ ഡെസ്‌ക്‍ടോപ്പിലേക്ക് സേവ് ചെയ്തിട്ട് അവിടെനിന്നും Start-Control Panel-Font ലേക്ക് കോപ്പി പേസ്റ്റ് ചെയ്യുകയോ അല്ലെങ്കില്‍ സാധാരണഗതിയില്‍ ഒരു ഫോണ്ട് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന, നിങ്ങള്‍ക്കറിയാവുന്ന രീതിയില്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്യുക.

അങ്ങിനെ നമുക്ക് വേണ്ട് ഫോണ്ട് കമ്പ്യൂട്ടറില്‍ വന്നു. ഇനി ഉടന്‍ തന്നെ ഒരു കാര്യം കൂടി ചെയ്യണം.

നമ്മള്‍ ഇന്റര്‍നെറ്റ് എക്സ്‌പ്ലോററാണ് ഉപയോഗിക്കുന്നതെങ്കില്‍ അതിന്റെ Tools-Internet Options-Fonts ല്‍ പോയിട്ട് Language script ല്‍ Malayalam സെലക്ട് ചെയ്യുക. എന്നിട്ട് Anjali Old Lipi യില്‍ ക്ലിക്ക് ചെയ്യുക. അതിനുശേഷം OK കൊടുത്ത് അതില്‍നിന്ന് പുറത്ത് കടന്ന് Internet Options ലും OK കൊടുത്ത് പുറത്ത് കടക്കുക. ഇങ്ങിനെ ചെയ്‌താലേ നമുക്ക് നേരാംവണ്ണം കമ്പ്യൂട്ടറില്‍ മലയാളം അക്ഷരങ്ങള്‍ വായിക്കാന്‍ പറ്റൂ.

ഇതിനു സമാനമായി ഫയര്‍ഫോക്സില്‍ ചെയ്യേണ്ട കാര്യങ്ങള്‍ വഴിയേ വിശദീകരിക്കാം.

2b. ടൈപ്പ് ചെയ്യാനുള്ള സോഫ്റ്റ്‌വെയര്‍

അപ്പോള്‍ ഇനി വേണ്ടത് ടൈപ്പ് ചെയ്‌ത് മലയാളം അക്ഷരങ്ങള്‍ കമ്പ്യൂട്ടറില്‍ കയറ്റുക എന്നതാണ്.

നമ്മുടെ കമ്പ്യൂട്ടറിന്റെ കീബോഡ് ഇംഗ്ലീഷിലാണ്. അപ്പോള്‍ ഏറ്റവും എളുപ്പവഴി നമ്മള്‍ ഇംഗ്ലീഷ് കീബോഡില്‍ ടൈപ്പ് ചെയ്യുന്നു, അക്ഷരങ്ങള്‍ മലയാളത്തില്‍ തെളിഞ്ഞുവരുന്നു എന്നുള്ള ഒരു പരിപാടിയായിരിക്കുമല്ലോ.

അപ്പോള്‍ ഇംഗ്ലീഷ് കീബോഡില്‍ എന്ത് ടൈപ്പ് ചെയ്യും?

മലയാളം ഇംഗ്ലീഷില്‍ എഴുതുന്നതുപോലെ ടൈപ്പ് ചെയ്യാം. അതാണല്ലോ ഏറ്റവും എളുപ്പം. ഉദാഹരണത്തിന് എങ്ങിനെ മലയാളത്തില്‍ ബ്ലോഗാം എന്നുള്ള വാചകം ഞാന്‍ "engngine malayaaLaththil bLOgaam“ എന്ന് ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഉപയോഗിച്ച് ടൈപ്പ് ചെയ്താണ് വരുത്തിയത്. ഇതിനെ മംഗ്ലീഷില്‍ ടൈപ്പ് ചെയ്യുക എന്ന് പറയും. പക്ഷേ നമ്മുടെ കമ്പ്യൂട്ടറില്‍ നമ്മള്‍ മംഗ്ലീഷില്‍ ടൈപ്പ് ചെയ്യുന്നത് മലയാളം ലിപികളിലേക്ക് മാറ്റാനായിട്ട് ഒരു സോഫ്റ്റ്വെയര്‍ വേണം. എങ്കിലേ നമ്മള്‍ ടൈപ്പ് ചെയ്യുന്നതെല്ലാം മലയാളത്തില്‍ കമ്പ്യൂട്ടറില്‍ വരൂ.

അതിനാണ് വരമൊഴി, മൊഴി കീമാപ്പ് തുടങ്ങിയ സോഫ്റ്റ്വെയര്‍ പാക്കേജുകള്‍ ഉള്ളത്.

അപ്പോള്‍ നമ്മള്‍ ചെയ്യേണ്ടത്, നിങ്ങള്‍ തുറന്നുവെച്ച ബ്ലോഗ് അങ്ങിനെ നില്‍ക്കട്ടെ. ഇവിടെ പോയി വരമൊഴി എന്ന സോഫ്റ്റ്വെയര്‍ ഡൌണ്‍ലോഡ് ചെയ്യുക. Browser ന്റെ പോപ്പ് അപ് ബ്ലോക്കര്‍ ഡിസേബിള്‍ ചെയ്തിരിക്കുകയാണെങ്കില്‍ ആ ലിങ്കില്‍ ക്ലിക്ക് ചെയ്ത് സ്വല്പം വെയ്‌റ്റ് ചെയ്താല്‍ സംഗതി ഡൌണ്‍ലോഡ് ചെയ്യാന്‍ റെഡിയാകും.

വരമൊഴി ഇന്‍‌സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് അതിന്റെ ഇടതുവശത്തെ കോളത്തില്‍ മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാം. തത്തുല്ല്യമായ മലയാളം ലിപികള്‍ വലതുവശത്തെ കോളത്തില്‍ തെളിഞ്ഞു വരും. (വരമൊഴി ഇന്‍സ്റ്റാളേഷനും മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ തുടങ്ങുന്നതിനുമിടയ്ക്ക് എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ എന്ന് വിദഗ്ദരോട് ചോദിച്ചിട്ട് എഴുതാം-തത്‌കാലം ഇങ്ങിനെ ചെയ്യുക).

അങ്ങിനെ നിങ്ങള്‍ മംഗ്ലീഷില്‍ ടൈപ്പ് ചെയ്തു-അപ്പുറത്തെ കോളത്തില്‍ മലയാളം വന്നു. മംഗ്ലീഷ് എങ്ങിനെ വേണ്ടവിധം ഉപയോഗിക്കണം എന്നുള്ളത് വരമൊഴിയുടെ ഹെല്‍പ്പില്‍ പോയി ലിപിയില്‍ ഞെക്കി നോക്കിയാല്‍ മതി. തുറന്നുവരുന്ന പേജില്‍ ഓരോ മലയാള അക്ഷരത്തിനും തത്തുല്ല്യമായ ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഏതൊക്കെ എന്ന് വിവരിച്ചിട്ടുണ്ട്. കുറച്ച് പരിശീലനമുണ്ടെങ്കില്‍ നമുക്ക് സ്പീഡില്‍ തന്നെ ശരിയായ രീതിയില്‍ ടൈപ്പ് ചെയ്യാന്‍ പറ്റും.

ടൈപ്പ് ചെയ്തു കഴിഞ്ഞു-ഇനി ഇതിനെ ബ്ലോഗിലേക്ക് കൊണ്ടുവരേണ്ടേ? നമ്മള്‍ ബ്ലോഗിന്റെ മാറ്റര്‍ ടൈപ്പ് ചെയ്യാനുള്ള പേജ് തുറന്നുവെച്ചിരിക്കുകയാണല്ലോ. അതിലേക്ക് നമ്മള്‍ വരമൊഴിയില്‍ ടൈപ്പ് ചെയ്ത് കിട്ടിയ മലയാളം മാറ്റര്‍ കൊണ്ടുവരണം. അതിനു ചെയ്യേണ്ടത് വരമൊഴിയില്‍ പോയിട്ട് File - Export to UTF8(unicode)എന്നതില്‍ ക്ലിക്ക് ചെയ്യുക എന്നതാണ്. നമ്മള്‍ ടൈപ്പ് ചെയ്തതൊക്കെ വേറൊരു പേജില്‍ വരും. ഇത് രണ്ട് രീതിയില്‍ ബ്ലോഗിലേക്ക് കൊണ്ടുവരാം.

1. File-Save As- കൊടുത്തിട്ട് .txt ഫയലായി സേവ് ചെയ്യുക. അതിനുശേഷം ആ ടെക്സ്റ്റ് ഫയല്‍ തുറന്ന് ബ്ലോഗിലേക്ക് കോപ്പി-പേസ്റ്റ് ചെയ്യുക (വേറേയും രീതി ഉണ്ടാവാം- അറിയുന്ന മുറയ്ക്ക് പറയാം).

2. അല്ലെങ്കില്‍ നമ്മള്‍ എക്‍സ്പോര്‍ട്ട് റ്റു യു.റ്റി.എഫ്8 എന്നു കൊടുത്തപ്പോള്‍ വന്ന പേജില്‍നിന്നും നേരിട്ട് ബ്ലോഗിന്റെ മാറ്റര്‍ ടൈപ്പ് ചെയ്യുന്ന ഇടത്തിലേക്ക് കോപ്പി-പേസ്റ്റും ചെയ്യാം.

അങ്ങിനെ നമ്മള്‍ ടൈപ്പ് ചെയ്‌തതൊക്കെ മലയാളത്തില്‍ ബ്ലോഗില്‍ വന്നു. ഇവനെ പബ്ലിഷ് ചെയ്യുക. അത്രയേ ഉള്ളൂ.

വരമൊഴി വഴി നമ്മള്‍ മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ പ്രാവീണ്യം നേടിയാല്‍ വരമൊഴിയില്ലാതെ നേരിട്ട് മംഗ്ലീഷില്‍ കീബോഡില്‍ ബ്ലോഗിലേക്ക് ടൈപ്പ് ചെയ്യുകയും ആവാം. അതായത് ബ്ലോഗിന്റെ പോസ്റ്റ് ഇടണ്ടിടത്ത് പോവുക, മംഗ്ലീഷില്‍ ടൈപ്പ് ചെയ്യുക-മലയാളത്തില്‍ ലിപികള്‍ തെളിഞ്ഞുവരും. ഇതിന് മൊഴി എന്ന വേറൊരു സോഫ്റ്റ്വെയര്‍ വേണം.

ഇവിടെ പോയി മൊഴി ഇന്‍‌സ്റ്റാള്‍ ചെയ്യുക. മൊഴി ഇന്‍സ്റ്റാള്‍ ചെ‌യ്തുകഴിഞ്ഞാല്‍ കമ്പ്യൂട്ടര്‍ സ്ക്രീനിന്റെ താഴെ, വലതുവശത്തായി (സമയം കാണിക്കുന്ന ഭാഗത്ത്) ഒരു ഡയമണ്ട് തെളിഞ്ഞുവരും. അതില്‍ ക്ലിക്ക് ചെയ്താല്‍ മലയാള അക്ഷരം “ക” കാണാം. ആ “ക”യില്‍ ക്ലിക്ക് ചെയ്‌തിട്ട്, നിങ്ങള്‍ ബ്ലോഗ് പോസ്റ്റില്‍ ടൈപ്പ് ചെയ്താല്‍ മംഗ്ലീഷില്‍നിന്നും നേരിട്ട് മലയാളം ലിപികള്‍ ബ്ലോഗില്‍ വരുന്നത് കാണാം. (മൊഴി ഇന്‍സ്റ്റാളേഷനും മംഗ്ലീഷില്‍ ടൈപ്പിംഗിനുമിടയില്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ എന്ന് വിദഗ്ദരുടെ
അഭിപ്രായത്തിനുശേഷം എഴുതാം. തല്‍ക്കാലം ഇങ്ങിനെ ചെയ്യുക).

3. നമ്മള്‍ ഒരു ബ്ലോഗ് തുടങ്ങി എന്ന് മറ്റുള്ളവര്‍ അറിയാനുള്ള മാര്‍ഗ്ഗങ്ങള്‍

അങ്ങിനെ മൊഴിയോ വരമൊഴിയോ ഉപയോഗിച്ച് മംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളത്തില്‍ ബ്ലോഗുണ്ടാക്കാന്‍ നമ്മള്‍ പഠിച്ചു. ആ ബ്ലോഗ് നമ്മള്‍ പബ്ലിഷ് ചെയ്യുകയും ചെയ്തു. പക്ഷേ മറ്റുള്ളവര്‍ എങ്ങിനെയറിയും നിങ്ങള്‍ ഒരു മലയാളം ബ്ലോഗ് ഉണ്ടാക്കിയെന്നുള്ള കാര്യം? അല്ലെങ്കില്‍ ഏതൊക്കെ മലയാളം ബ്ലോഗുകള്‍ ഉണ്ടെന്നുള്ളതും പുതിയ പുതിയ പോസ്റ്റുകള്‍ ആരൊക്കെയാണ് പബ്ലിഷ് ചെയ്യുന്നതെന്നും എങ്ങിനെ നമുക്ക് അറിയാന്‍ സാധിക്കും?

അതിനായി ഇവിടെ നോക്കുക. നിങ്ങള്‍ ഒരു മലയാളം ബ്ലോഗ് ഉണ്ടാക്കുകയും അതില്‍ മലയാളം അക്ഷരങ്ങള്‍ ഉണ്ടാവുകയും ചെയ്‌താല്‍ സാധാരണ ഗതിയില്‍ കുറച്ചു സമയങ്ങള്‍ക്കു ശേഷം നിങ്ങളുടെ പോസ്റ്റിന്റെ തലക്കെട്ടും ആരാണ് ആ പോസ്റ്റ് പബ്ലിഷ് ചെയ്തത് എന്നുള്ളതും ഇവിടെ വരും. അതിനെ സഹായിക്കാന്‍ നിങ്ങള്‍ പോസ്റ്റിന്റെ തലക്കെട്ട് മലയാളത്തില്‍ ആക്കുക. അതുപോലെതന്നെ നിങ്ങള്‍ ബ്ലോഗ് തുടങ്ങിയപ്പോള്‍ ഓര്‍ക്കുന്നുണ്ടോ, മലയാളത്തില്‍ ബ്ലോഗിന്റെ തലക്കെട്ട് എഴുതാന്‍ പറ്റാത്തതുകാരണം ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്‌ത കാര്യം? ഫോണ്ടും മറ്റു കാര്യങ്ങളും ഇന്‍സ്റ്റാള്‍ ചെയ്ത സ്ഥിതിക്ക് ഇനി വേണമെങ്കില്‍ ബ്ലോഗിന്റെ പ്രൊഫൈലില്‍ പോയി നിങ്ങള്‍ക്ക് ബ്ലോഗിന്റെ പേരും മലയാളത്തില്‍ ആക്കാം. യു.ആര്‍.എല്‍ മാത്രം ഇംഗ്ലീഷിലെ പറ്റൂ. അങ്ങിനെ ബ്ലോഗിന്റെ തലക്കെട്ടും പോസ്റ്റിന്റെ തലക്കെട്ടും മലയാളത്തില്‍ ആയിരിക്കുകയും മലയാള വാക്കുകള്‍ നിങ്ങളുടെ പോസ്റ്റില്‍ ഉണ്ടാവുകയും ചെയ്‌താല്‍ മുകളിലത്തെ വെബ്‌പേജില്‍ നിങ്ങളുടെ പോസ്റ്റ് വരും. ഈ പറഞ്ഞ കാര്യങ്ങള്‍ മൊത്തമായി വേണമെന്നില്ല അവിടെ നിങ്ങളുടെ പോസ്റ്റ് വരാന്‍-അതുപോലെ ചിലപ്പോള്‍ വേറേ കാര്യങ്ങളും വേണമായിരിക്കും. ഇവിടെയും വിദഗ്ദരുടെ അഭിപ്രായം ആരായാം.

തനിമലയാളം പോലെ ചിന്ത, മലയാളം ബ്ലോഗ് തുടങ്ങി പല പല അഗ്രഗേറ്ററുകളും (മലയാളത്തിലുള്ള ബ്ലോഗ് പോസ്റ്റുകള്‍ ഒന്നിച്ച് കാണുന്ന വെബ് പേജിനെയാണ് പോസ്റ്റുകളുടെ അഗ്രഗേറ്റര്‍ എന്ന് വിളിക്കുന്നത്) മലയാളം ബ്ലോഗുകളെ സംബന്ധിച്ചുണ്ട്. അവയിലെല്ലാം സാധാരണഗതിയില്‍ തന്നെ നിങ്ങളിടുന്ന പോസ്റ്റുകള്‍ വരും. ഏതെങ്കിലും ഒരു അഗ്രഗേറ്ററില്‍ നിങ്ങളുടെ പോസ്റ്റുകള്‍ വരണ്ട എന്നുണ്ടെങ്കില്‍ അതിന്റെ നടത്തിപ്പുകാരെ വിവരമറിയിച്ചാല്‍ മതി. അവരെ വിവരമറിയിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ അതാത് വെബ്‌പേജുകളില്‍ കാണും.

4. കമന്റുകളെക്കുറിച്ച് അല്‍‌പം

നിങ്ങളുടെ പോസ്റ്റില്‍ വരുന്ന കമന്റുകള്‍ ഏതെങ്കിലും കമന്റ് അഗ്രഗേറ്ററുകളില്‍ (തനിമലയാളം/ചിന്ത/മലയാളം ബ്ലോഗ് എന്നൊക്കെ മുകളില്‍ പറഞ്ഞത് മലയാളത്തില്‍ വരുന്ന പോസ്റ്റുകള്‍ ഒന്നിച്ച് കാണിക്കാനുള്ള സ്ഥലം ആണ്. അവയെ ബ്ലോഗ് പോസ്റ്റ് അഗ്രഗേറ്ററുകള്‍ എന്ന് വിളിക്കാം. അതുപോലെ പല പല മലയാളം ബ്ലോഗുകളില്‍ പലരും ഇടുന്ന കമന്റുകളെല്ലാം ഒന്നിച്ച് ഒരു ഗൂഗിള്‍ ഗ്രൂപ്പിലോ മറ്റോ വരുന്ന സംവിധാനവുമുണ്ട്) വരണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ ആ കമന്റ് അഗ്രഗേറ്ററുകളുടെ ആള്‍ക്കാരുമായി ബന്ധപ്പെടണം. പല ബ്ലോഗു പോസ്റ്റുകളിലെയും കമന്റുകള്‍ എല്ലാം ഒന്നിച്ച് എവിടെയെങ്കിലും വരുന്നത് ബ്ലോഗുകളില്‍ വരുന്ന ബ്ലോഗ് പോസ്റ്റുകളുടെ പ്രാധാന്യം കുറയ്ക്കില്ലേ എന്നും മറ്റുമുള്ള ധാരാളം സംവാദങ്ങള്‍ മലയാളം ബ്ലോഗുകളില്‍ നടന്നിട്ടുണ്ട്. ഉദാഹരണത്തിന് പിന്‍‌മൊഴികള്‍ എന്നൊരു ഗൂഗിള്‍ ഗ്രൂപ്പ് പല പല മലയാളം ബ്ലോഗുകളില്‍ വരുന്ന കമന്റുകളെല്ലാം ഒന്നിച്ച് ഒരിടത്ത് കാണിക്കുമായിരുന്നു. പക്ഷേ മലയാളം ബ്ലോഗുകള്‍ ശൈശവ ദശ പിന്നിട്ടതിനാലും മറ്റ് പല കാരണങ്ങളാലും അതിന്റെ പ്രവര്‍ത്തനം നിര്‍ത്തി. അതിനെപ്പറ്റിയുള്ള സംവാദങ്ങളും ചര്‍ച്ചകളും ഇവിടെയും ഇവിടെയും ഇവിടെയുമൊക്കെ കിട്ടും. ആ പോസ്റ്റുകളും അതിലെ ചര്‍ച്ചകളും വായിച്ചിട്ട് നിങ്ങള്‍ക്ക് ഏതെങ്കിലും കമന്റ് അഗ്രഗേറ്ററില്‍ അംഗമാകണോ വേണ്ടയോ എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക. നിങ്ങള്‍ക്ക് ഏതെങ്കിലും കമന്റ് അഗ്രഗേറ്ററില്‍ ചേരണമുന്നുണ്ടെന്ന്കില്‍ കമന്റ് അഗ്രഗേറ്ററുകളുടെ നടത്തിപ്പുകാരെ സമീപിക്കുക. ഓര്‍ക്കുക, മലയാളത്തില്‍ ബ്ലോഗ് തുടങ്ങുന്നതിനും പോസ്റ്റുകള്‍ ഇടുന്നതിനും ആ പോസ്റ്റുകള്‍ വായനക്കാര്‍ കാണുന്നതിനും വായിക്കുന്നതിനും അഭിപ്രായം പറയുന്നതിനും കമന്റ് അഗ്രഗേറ്ററുകള്‍ കൂടിയേ തീരൂ എന്നില്ല. നിങ്ങള്‍ ഒരു പുതിയ ബ്ലോഗറാണെങ്കില്‍ തന്നെയും നിങ്ങളുടെ പോസ്റ്റുകള്‍ ശ്രദ്ധിക്കപ്പെടാനുള്ള ധാരാളം മാര്‍ഗ്ഗങ്ങള്‍ കമന്റ് അഗ്രഗേറ്ററുകള്‍ ഇല്ലാതെ തന്നെയും നിലവിലുണ്ട്. അതുകൊണ്ട് നിങ്ങളുടെ വ്യക്തിപരമായ തീരുമാനമനുസരിച്ച് കമന്റ് അഗ്രഗേറ്ററുകളില്‍ ചേരുകയോ ചേരാതിരിക്കുകയോ ചെയ്യാം.

മലയാളം ബ്ലോഗ് സമൂഹത്തില്‍ സാധാരണ ചെയ്യാവുന്ന സെറ്റിംഗ്‌സുകളെപ്പറ്റിയെല്ലാം ഇവിടെ വളരെ ലളിതമായി വിശദീകരിച്ചിട്ടുണ്ട്.

5. ഓണ്‍ലൈനായി മലയാളത്തില്‍ പോസ്റ്റുകള്‍ ബ്ലോഗിലിടാനും കമന്റുകള്‍ ഇടാനുമുള്ള മാര്‍ഗ്ഗങ്ങള്‍

നിങ്ങള്‍ മുകളില്‍ പറഞ്ഞ നാലു പോയിന്റുകള്‍ പ്രകാരം നിങ്ങളുടെ കമ്പ്യൂട്ടറില്‍ എല്ലാം സെറ്റ് ചെയ്‌തു. പക്ഷേ നിങ്ങള്‍ ഒരു ബിസിനസ്സ് ടൂറിന് വേറൊരു സ്ഥലത്ത് പോയി എന്ന് കരുതുക. അവിടെ വരമൊഴിയുമില്ല, മൊഴിയുമില്ല, അഞ്ജലിയുമില്ല. നിങ്ങള്‍ക്ക് നല്ല കുറെ കമന്റുകള്‍ ഇടണം, അല്ലെങ്കില്‍ ഒരു പുതിയ പോസ്റ്റ് ബ്ലോഗിലിടണം. എന്ത് ചെയ്യും?

സിബുവും ഡെയിനുമൊക്കെ അതിനുള്ള വഴികള്‍ ഉണ്ടാക്കിയിട്ടുണ്ട്.

ഡെയിനിന്റെ ഇളമൊഴി ഇവിടെ കിട്ടും. വെറുതെ അതില്‍ ടൈപ്പ് ചെയ്‌തിട്ട് കോപ്പി പേസ്റ്റ് ചെയ്‌താല്‍ മതി, കമന്റ് വിന്‍‌ഡോയിലോ, ബ്ലോഗിന്റെ പോസ്റ്റ് ചെയ്യുന്ന പേജിലോ-നിങ്ങളുടെ ആവശ്യമനുസരിച്ച്. ഡെയിന്‍ ഇളമൊഴി സമര്‍പ്പിച്ചിരിക്കുന്നത് വരമൊഴിയുടെ ഉപജ്ഞാതാവായ സിബുവിനെ ഇളയ കുട്ടിക്കാണ്!

വരമൊഴി ഓണ്‍ലൈന്‍ ഇവിടെനിന്നും, ഇവിടെനിന്നും, കിട്ടും (രണ്ടും ഒന്ന് തന്നെ-രണ്ട് സെര്‍വറുകളില്‍ നിന്നാണെന്ന് മാത്രം).

അപ്പോള്‍ നിങ്ങള്‍ക്ക് ലോകത്തെവിടെയാണെങ്കിലും, കൊള്ളാവുന്ന ഒരു കമ്പ്യൂട്ടറില്‍ മുന്നിലുണ്ടെങ്കില്‍ മലയാളത്തില്‍ എഴുതാം.

ഇത്രയും പരത്തിപ്പറഞ്ഞത് ബുദ്ധിമുട്ടുണ്ടാക്കിയെങ്കില്‍ ചുരുക്കിപ്പറയാം:

1. ഒരു ബ്ലോഗ് അഡ്രസ്സ് ഉണ്ടാക്കുക.
2. അഞ്ജലി ഓള്‍ഡ് ലിപി ഡൌണ്‍‌ലോഡ് ചെയ്ത്, ഇന്റര്‍നെറ്റ് എക്സ്‌പ്ലോററില്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുക (ഫയര്‍ഫോക്സില്‍ ചെയ്യേണ്ട കാര്യങ്ങള്‍ പുറകേ വിശദകരീക്കാം). ചെയ്യേണ്ട കാര്യങ്ങള്‍ തുടക്കത്തില്‍ പറഞ്ഞിട്ടുണ്ട്.
3. വരമൊഴി ഇന്‍സ്റ്റാള്‍ ചെയ്യുക, മൊഴിയും ഇന്‍സ്റ്റാള്‍ ചെയ്യുക.
4. ബ്ലോഗില്‍ ലോഗിന്‍ ചെയ്യുക. മൊഴി ഉപയോഗിക്കുന്നവര്‍ നേരിട്ട് മംഗ്ലീഷില്‍ ടൈപ്പ് ചെയ്യുക. വരമൊഴി ഉപയോഗിക്കുന്നവര്‍, വരമൊഴിയില്‍ നിന്നും യുണികോഡായി എക്സ്‌പോര്‍ട്ട് ചെയ്ത് അവിടെനിന്നും ബ്ലോഗിലേക്ക് കോപ്പി-പേസ്റ്റ് ചെയ്യുക. വിശദമായി മുകളില്‍ പറഞ്ഞിട്ടുണ്ട്.
5. ബ്ലോഗിന്റെ സെറ്റിംഗ്‌സില്‍ മുകളില്‍ (സെക്‍ഷന്‍ 4-ല്‍) കൊടുത്തിരിക്കുന്ന ലിങ്കില്‍ പോയി വേണ്ട മാറ്റങ്ങള്‍ വരുത്തുക.
6. ഓണ്‍ലൈനായി മലയാളത്തില്‍ എഴുതണമെന്നുണ്ടെങ്കില്‍ ഇളമൊഴിയോ അല്ലെങ്കില്‍ വരമൊഴി ഓണ്‍ലൈനോ ഉപയോഗിക്കുക.

ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന ഇതുവരെയുള്ള കാര്യങ്ങള്‍ നിങ്ങള്‍ക്ക് കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നുണ്ടെങ്കില്‍ ഇവിടെ പോയി വായിച്ച് പറഞ്ഞിരിക്കുന്നതുപോലെ ചെയ്താലും മതി.

ഇത്രയൊക്കെ ചെയ്താല്‍ നിങ്ങള്‍ക്ക് ചിരിക്കും ചിന്തയ്ക്കും ധാരാളം അവസരങ്ങള്‍ നല്‍‌കുന്ന മലയാളം ബ്ലോഗ് ലോകത്തിന്റെ മാസ്‌മരികതയിലേക്ക് ഊളിയിട്ടിറങ്ങാം.

ഒന്നുകൂടി പറയട്ടെ, ഇത് എന്റേതായ ഒരു രീതിയിലുള്ള അവതരണമാണ്. ഇങ്ങിനെയൊക്കെ ചെയ്താണ് ഞാന്‍ മലയാളത്തില്‍ ബ്ലോഗ് ഉണ്ടാക്കിയത്. കുറച്ചുകൂടി ലഘൂകരിച്ച് സ്റ്റെപ്-ബൈ‌-സ്റ്റെപ് ആയി കാര്യങ്ങള്‍ വിശദീകരിച്ചിട്ടുള്ള വേറേ ഏതെങ്കിലും ഇടം ഉണ്ടെങ്കില്‍ ആ വിവരം അന്നേരം തന്നെ അറിയിക്കാം

മലയാളം ബ്ലോഗ് ലോകത്തേക്ക് സ്വാഗതം. ‍എല്ലാവിധ ആശംസകളും.

-------------------------------------------------------------------
ബ്ലോഗ് സെറ്റിംഗ്‌സുകള്‍ -

ആദിത്യന്‍ ഇവിടെ സാധാരണ മലയാളം ബ്ലോഗേഴ്‌സ് ചെയ്യുന്ന സെറ്റിംഗ്‌സുകളെപ്പറ്റി വളരെ ലളിതമായി പറഞ്ഞിട്ടുണ്ട്. അതൊക്കെ അതുപോലെ ചെ‌യ്‌താല്‍ നല്ലൊരു ശതമാനം മലയാളം ബ്ലോഗേഴ്‌സിന്റെയും സെറ്റിംഗ്‌സിനു സമാനമായ സെറ്റിം‌ഗ്‌സ് നിങ്ങളുടെ ബ്ലോഗിനും കിട്ടും (ഇത് ഗൂഗുളിന്റെ ബ്ലോഗര്‍ (www.blogger.com) അടിസ്ഥാനമാക്കിയുള്ള ബ്ലോഗുകള്‍ക്ക് മാത്രം. വേഡ് പ്രസ്സ് ബ്ലോഗുകള്‍ക്കുള്ള സെറ്റിംഗ്‌സ്, വേഡ് പ്രസ്സ് ഉപയോഗിക്കുന്ന ഉമേഷ്‌ജി മുതലായ ബ്ലോഗേഴ്‌സിനോട് ചോദിച്ചാല്‍ അവര്‍ വിശദമാക്കി തരും. വേഡ്‌പ്രസ്സ് ബ്ലോഗുകള്‍ക്കുള്ള സാധാരണ സെറ്റിംഗ്‌സുകള്‍ ഇവിടേയുമുണ്ട്.)


സഹയാത്രികന്‍ എന്ന ബ്ലോഗറുടെ ഹാപ്പി ബ്ലോഗിംഗ് എന്ന ബ്ലോഗ് പോസ്റ്റില്‍ സ്ക്രീന്‍ ഷോട്ടുകളുടെ സഹായത്തോടെ, എങ്ങിനെ ഒരു ബ്ലോഗ് തുടങ്ങാമെന്നും എന്തൊക്കെ സെറ്റിംഗ്സ് സാധാരണഗതിയില്‍ വേണമെന്നും വിവരിച്ചിട്ടുണ്ട്.

Labels: , , ,